മൂന്നു ലക്ഷം വർഷം മുതൽ പതിനായിരം വർഷം മുൻപുവരെ യൂറോപ്പ്, ഏഷ്യ, വടക്കേ അമേരിക്ക എന്നിവിടങ്ങളിലെ ഹിമമേഖലകളിൽ യഥേഷ്ടം വിഹരിച്ചിരുന്ന 'വൂളി മാമത്തു'കളെ പുനഃസൃഷ്ടിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണു ശാസ്ത്രലോകം. (അറിയപ്പെടുന്ന അവസാനത്തെ 'വൂളി മാമത്തു'കൾ ബിസി 1650 വരെ അതിജീവിച്ചു. അതായത്, ഗിസയിലെ പിരമിഡുകൾ നിർമിച്ച് ആയിരം വർഷത്തിനു ശേഷം).
വംശനാശം സംഭവിച്ച 'പുരാതന ആന'യെ നിർമിതബുദ്ധിയുടെ സഹായത്തോടെ ഭൂമുഖത്തേക്കു ജീവനോടെ തിരിച്ചെത്തിക്കാനുള്ള ഗവേഷണങ്ങൾ ഊർജിതമാക്കിയെന്നു ശാസ്ത്രജ്ഞർ പറഞ്ഞു. ആമേരിക്കയിലെ ടെക്സസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ബയോടെക്നോളജി സ്ഥാപനം 'കൊളോസൽ ബയോസയൻസസ്' ആണ് ജീൻ എഡിറ്റിംഗ് മേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ഈ വൻ പദ്ധതിക്കു ചുക്കാൻ പിടിക്കുന്നത്.
ആദ്യഘട്ടത്തിൽ, അതായത് 2028-ഓടെ ആനയുമായി സാദൃശ്യമുള്ള മാമത്ത് കുട്ടിയെ സൃഷ്ടിക്കാനായിരുന്നു ശാസ്ത്രജ്ഞർ പദ്ധതി തയാറാക്കിയിരുന്നത്. എന്നാൽ, അതിശൈത്യത്തെ പ്രതിരോധിക്കാൻ ശേഷിയുള്ള ജീവിയെ വികസിപ്പിച്ചെടുക്കുന്നതു മുൻകൂട്ടി കരുതിയതിലും ഏറെ സങ്കീർണമാണെന്നു ഗവേഷകർ തിരിച്ചറിഞ്ഞു. മാമത്തിന്റെ ഏറ്റവും അടുത്ത ബന്ധുവായ ഏഷ്യൻ ആനകളുടെ ഡിഎൻഎയും മാമത്തിന്റെ ഡിഎൻഎയും തമ്മിൽ 99.6 ശതമാനം സാമ്യമുണ്ട്. തുടക്കത്തിൽ ആനയുടെ ഡിഎൻഎയിൽ അറുപതോളം ജീൻ മാറ്റങ്ങൾ വരുത്തിയാൽ മതിയെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ രോമക്കുപ്പായം, ചെറിയ ചെവികൾ, മഞ്ഞുപ്രദേശങ്ങളിൽ അതിജീവിക്കാനുള്ള കൊഴുപ്പ് തുടങ്ങിയ സവിശേഷതകൾ പുനഃസൃഷ്ടിക്കാൻ 150-ലേറെ ജീനുകളിൽ മാറ്റം വരുത്തണമെന്നു വിശദമായ ജീനോം മാപ്പിംഗിലൂടെ ശാസ്ത്രജ്ഞർക്കു വ്യക്തമായി.